തളിപ്പറമ്പ്: തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് കുടുംബത്തിന്റെ പണമടങ്ങിയ ബാഗ് കവർന്നു. പന്നിയൂരിലെ കർഷകനായ കെ.കെ. ജലീലിന്റെ (56) ബാഗാണ് കവർന്നത്.
ഹൈവേ ബസ് ഷെൽട്ടറിൽ ഇന്നലെ പുലർച്ചെ 3.30 ഓടെയാണ് സംഭവം. ജലീലിന്റെ ഉമ്മയുടെ മരണവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ ചങ്ങനാശേരിയിലേക്ക് പോകുന്നതിനായി തളിപ്പറമ്പിലെത്തിയതായിരുന്നു ഭാര്യയും മകനുമടങ്ങിയ കുടുംബം.
ബസ് ഷെൽട്ടറിലെ ഇരിപ്പിടത്തിലാണ് 12,000 രൂപയും വസ്ത്രങ്ങളും മൊബൈൽഫോണും അടങ്ങിയ ബാഗ് സൂക്ഷിച്ചത്. ഇതിനിടെ എതിർവശത്ത് നിന്നെത്തിയ ആൾ ബാഗ് മോഷ്ടിച്ച് രക്ഷപ്പെട്ടു.
ഇരുട്ടായതിനാൽ ആളെ കണ്ടത്താൻ സാധിച്ചില്ല. ജലീലിന്റെ പരാതിയിൽ കേസെടുത്ത പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി.